സി. റോസ്ലിന്‍ എം.റ്റി.എസ്.
ബേസ് തോമ്മാ ദയറാ, പാലമറ്റം
സീറോ-മലബാര്‍ സഭാതനയരുടെ ആദ്ധ്യാത്മികതയെ ഒറ്റവാക്കില്‍ സംഗ്രഹിച്ചാല്‍ അത് തോമാ മാര്‍ഗ്ഗം/ തോമായുടെ നിയമംആണ്.
സിറോ മലബാര്‍ സഭ: പൗരസ്ത്യ സുറിയാനി ആദ്ധ്യാത്മികതയുടെ കാവലാള്‍
നമ്മുടെ അമ്മയായ സീറോ മലബാര്‍ സഭ കത്തോലിക്കാസഭയിലെ പൗരസ്ത്യ സഭകള്‍ക്കിടയില്‍ ഏറ്റവും ഊര്‍ജ്ജസ്വലയും കര്‍മ്മോന്മുഖയുമാണെന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. പൗരോഹിത്യ സമര്‍പ്പിത ജീവിതങ്ങളിലേക്കുള്ള ദൈവവിളികളുടെ സമ്പന്നതയും കെട്ടുറപ്പുള്ള കുടുംബങ്ങളുടെ ധന്യതയും ഫ്രാന്‍സിസ് മാര്‍പ്പാപ്പാ പറയുന്നതുപോലെ തങ്ങളുടെ ആടുകളുടെ മണമുള്ള അജപാലകരുടെ ത്യാഗം നിറഞ്ഞ ജാഗ്രതയുമൊക്കെ നമ്മുടെ സഭയെ തേജോമയിയായി നിലനിറുത്തുന്നു. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ഈ സഭയുടെ മക്കള്‍ മിശിഹായിലുള്ള വിശ്വാസത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് ആകമാന സഭയില്‍ പ്രത്യാശ പകരുന്നു. ഈശോമിശിഹായുടെ ധീരശ്ലീഹായായ മാര്‍തോമായില്‍ നിന്ന് വിശ്വാസം സ്വീകരിച്ച്, ഇതേ ശ്ലീഹായുടെ പൈതൃകം സ്വന്തമാക്കിയിരിക്കുന്ന അസ്സീറിയന്‍ സഭയും കല്‍ദായ സഭയുമായി പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യങ്ങള്‍ പങ്കുവച്ച് ആദ്ധ്യാത്മികതയുടെ നാടായ ഭാരതമണ്ണില്‍ വളര്‍ന്നുവന്ന നമ്മുടെ സഭയുടെ തനിമയാര്‍ന്ന ആദ്ധ്യാത്മികത വിശ്വാസത്തില്‍ ക്രൈസ്തവവും ആരാധനയില്‍ പൗരസ്ത്യവും സംസ്ക്കാരത്തില്‍ ഭാരതീയവുമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് എത്രയോ അര്‍ത്ഥവത്താണ്. ഈ ആദ്ധ്യാത്മികതയുടെ തനത് സവിശേഷതകളിലേക്ക് നമുക്കൊന്ന് കടന്നുചെല്ലാം.
1. മാര്‍ തോമാ മാര്‍ഗ്ഗം
കേരള നസ്രാണികളായ സീറോ-മലബാര്‍ സഭാതനയരുടെ ആദ്ധ്യാത്മികതയെ ഒറ്റവാക്കില്‍ സംഗ്രഹിച്ചാല്‍ അത് തോമാ മാര്‍ഗ്ഗം/ തോമായുടെ നിയമംആണ്. മാര്‍ തോമാശ്ലീഹായുടെ പേരിനോട് ചേര്‍ത്ത് വിവരിക്കപ്പെടുന്ന ഈ മാര്‍ഗ്ഗം എന്താണ്? മാര്‍ തോമാ നസ്രാണികളുടെ തനതുകലാരൂപമായ മാര്‍ഗ്ഗം എന്താണ്? മാര്‍ തോമാ നസ്രാണികളുടെ തനതു കലാരൂപമായ മാര്‍ഗ്ഗംകളിപ്പാട്ടില്‍ നാം പാടുന്നുണ്ട്, മാണിക്യകല്ലായ മാര്‍ഗ്ഗമെന്ന്. നസ്രാണികള്‍ മാണിക്യം പോലെ കാത്തുസൂക്ഷിക്കുന്ന ഈ മാര്‍ഗ്ഗം എന്താണ്? ഉത്തരം തേടിയുള്ള നമ്മുടെ യാത്ര അവസാനിക്കുക മാര്‍തോമായുടെ പക്കലാണ്. നമ്മുടെ ശ്ലീഹായ്ക്ക് മാര്‍ഗ്ഗം ഈശോയായിരുന്നു (യോഹ 14:6). മിശിഹായെ മാര്‍ഗ്ഗമായി സ്വീകരിച്ച മാര്‍തോമ്മാ ആ മാര്‍ഗ്ഗം തന്‍റെ മക്കള്‍ക്ക് നല്‍കി. നൂറ്റാണ്ടുകളായി മാണിക്യംപോലെ കാത്തുസൂക്ഷിക്കുന്നു. മാര്‍തോമായില്‍ നിന്ന് ഈ മാര്‍ഗ്ഗാനുഭവം ഏറ്റുവാങ്ങിയ സുറിയാനി സഭകളില്‍ നിന്നുള്ള മല്പാനായ മാര്‍ അപ്രേം ഇപ്രകാരം പാടുന്നു:
"നമ്മുടെ കര്‍ത്താവ് അവനെതന്നെ
മാര്‍ഗ്ഗത്തോടായ് ഉപമിച്ചല്ലോ
വരുവിന്‍ വരുവിന്‍ അവനില്‍ ചരിക്കാം
അവനുടെ ജനകനില്‍ എത്തിച്ചേരാം."
ആദിമസഭയുടെ ജീവിതശൈലിയും വിളിക്കപ്പെട്ടിരുന്നത് മാര്‍ഗ്ഗം എന്നാണ് (നട 19:23; 24:22) ഈശോയെ മാര്‍ഗ്ഗമായി അനുഭവിച്ച മാര്‍ തോമായുടെ മിശിഹാനുഭവം ഏറ്റുവാങ്ങി, അതില്‍ വിശ്വസിച്ച്. അത് ആഘോഷിച്ച് അത് ജീവിച്ച നമ്മുടെ സഭയില്‍ രൂപംകൊണ്ട ആദ്ധ്യാത്മിക പാരമ്പര്യങ്ങളുടെ ആകെത്തുകയാണ് തോമാ മാര്‍ഗ്ഗം. ഇത് ഈ സഭയുടെ കാനന്‍ നിയമം മാത്രമല്ല മറിച്ച്, ആദ്ധ്യാത്മികവും സഭാത്മകവും ദൈവശാസ്ത്രപരവും സാമൂഹികവും രാഷ്ട്രീയപരവുമായ ജീവിതത്തിന്‍റെ സമഗ്രതയാണ്. സഭാജീവിതം ആശയസംഹിതയല്ല; മറിച്ച് ക്രിയാത്മക മുന്നേറ്റമാണെന്ന് ഈ പ്രയോഗം വ്യക്തമാക്കുന്നു.
2. തോമാ മാര്‍ഗ്ഗത്തിന്‍റെ ഉറവിടങ്ങള്‍
പൗരാണിക ശ്ലൈഹിക സഭയെങ്കിലും സഭാപിതാക്കന്മാര്‍ എന്ന ക്ലിപ്ത ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടവരായി ആരുമില്ലാത്ത, ദൈവശാസ്ത്രകലാലയങ്ങള്‍ക്ക് ജന്മം കൊടുക്കാതിരുന്ന, ഈടുറ്റ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്യാന്‍ കഴിയാതിരുന്ന നമ്മുടെ സഭയെ കൗതുകപൂര്‍വ്വമാണ് ചരിത്രകാരന്മാരും ദൈവശാസ്ത്രജ്ഞരും വീക്ഷിക്കുക. ഇവയുടെയൊക്കെ അഭാവത്തിലും ആദ്ധ്യാത്മികതയുടെ നിറകുടമായി, വിശ്വാസതീക്ഷ്ണതയാല്‍ എരിഞ്ഞ് സഭാജീവിതത്തില്‍ ക്രിയാത്മക സജീവത്വം പുലര്‍ത്തുന്ന സീറോ-മലബാര്‍ സഭ ആകമാനസഭയിലെ ഒരു വിസ്മയമാണ്. കാരണം ഈ സഭയുടെ ആദ്ധ്യാത്മികതയുടെ അടിസ്ഥാനം മാര്‍ഗ്ഗം തന്നെയായ മ്ശിഹായും ആ മാര്‍ഗ്ഗം നമുക്ക് സമ്മാനിച്ച തോമാശ്ലീഹായുടെ വിശ്വാസാനുഭവവും മാര്‍ഗ്ഗത്തിന്‍റെ ലിഖിതരൂപമായ വി. ഗ്രന്ഥവും, മാര്‍ഗ്ഗത്തിലുള്ള വിശ്വാസത്തിന്‍റെ ആഘോഷമായ ലിറ്റര്‍ജിയുമായിരുന്നു. ഈ ഉറച്ച കല്ലുകളാല്‍ പണിയപ്പെട്ട നമ്മുടെ സഭയുടെ ആധ്യാത്മികത അല്ലെങ്കില്‍ തോമാ മാര്‍ഗ്ഗം ദൈവവചനാധിഷ്ഠിതവും ദൈവാരാധന കേന്ദ്രീകൃതവും സഭാത്മകവുമായതില്‍ അതിശയിക്കാനില്ല.
3. തോമാ മാര്‍ഗ്ഗം വചനാധിഷ്ഠിതം
ഏതെങ്കിലും ചില ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിലല്ല, മറിച്ച് വി. ഗ്രന്ഥത്തില്‍ അധിഷ്ഠിതമായി തങ്ങളുടെ ജീവിതങ്ങളെ ക്രമീകരിക്കുവാന്‍ നസ്രാണികള്‍ എന്നും ശ്രമിച്ചിരുന്നു. വി. ഗ്രന്ഥത്തിന്‍റെ പതിപ്പുകളൊക്കെ വിരളമായിരുന്ന ആദ്യനൂറ്റാണ്ടുകളില്‍ ലിറ്റര്‍ജിയില്‍ പ്രഘോഷണം ചെയ്യപ്പെട്ടു കേള്‍ക്കുന്ന വചനമായിരുന്നു അവരുടെ പ്രചോദനശക്തി. വി. ഗ്രന്ഥത്തിന്‍റെ സുറിയാനി വിവര്‍ത്തനമായ പ്ശീത്തായായിരുന്നു നമ്മുടെ സഭയില്‍ ഉപയോഗിക്കപ്പെട്ടിരുന്നത്. സെമിനാരി പരിശീലനം പൂര്‍ണ്ണമായും വി. ഗ്രന്ഥാധിഷ്ഠിതമായിരുന്നു. മ്ശംശാനാമാര്‍ സങ്കീര്‍ത്തനങ്ങള്‍ മനഃപാഠമാക്കിയിരുന്നു. മേര്‍വിലെ ഈശോദാറിന്‍റെ വി. ഗ്രന്ഥവ്യാഖ്യാനങ്ങളും യോഹന്നാന്‍ ക്രിസോസ്തോമിന്‍റെയും മെപ്പ്സുവെസ്ത്യായിലെ തെയദോറിന്‍റെയും വ്യാഖ്യാനങ്ങളുടെ സുറിയാനി പരിഭാഷയും നമ്മുടെ സഭയില്‍ ഉപയോഗിച്ചിരുന്നു. വി. ലിഖിതങ്ങള്‍ കോര്‍ത്തിണക്കിയ പൗരസ്ത്യ സുറിയാനി ആരാധനാക്രമത്തിലെ പ്രാര്‍ത്ഥനകളായിരുന്നു നാം ഉപയോഗിച്ചിരുന്നത്. ലിറ്റര്‍ജിയില്‍ ഉപയോഗിക്കാന്‍ സുറിയാനിയില്‍ രചിക്കപ്പെട്ട തക്സാകള്‍ പ്രചാരത്തിലുണ്ടായിരുന്നു. അവയിലെ പ്രാര്‍ത്ഥനകള്‍ ദൈവവചനത്തിന് പിതാക്കന്മാര്‍ നല്‍കിയ വ്യാഖ്യാനങ്ങള്‍ കോര്‍ത്തിണക്കി രൂപം നല്‍കപ്പെട്ടവയായിരുന്നു. ഈ പ്രാര്‍ത്ഥനകള്‍ നിരന്തരം ലിറ്റര്‍ജിയില്‍ ആവര്‍ത്തിച്ചാഘോഷിച്ചിരുന്ന നമ്മുടെ സഭാതനയരുടെ ആദ്ധ്യാത്മിക ജീവിതത്തെ സുവിശേഷ മൂല്യങ്ങളും പൗരസ്ത്യ സുറിയാനി പിതാക്കന്മാരുടെ ദര്‍ശനങ്ങളും ആഴത്തില്‍ സ്വാധീനിച്ചിരുന്നു.
4. തോമാ മാര്‍ഗ്ഗം: ദൈവാരാധനാ കേന്ദ്രീകൃതം
ദൈവാരാധനയില്‍ കേന്ദ്രീകൃതമായ സഭാത്മക ജീവിതമായിരുന്നു മാര്‍ തോമാ മാര്‍ഗ്ഗത്തിന്‍റെ മറ്റൊരു സവിശേഷത. സഭ ജന്മം കൊണ്ടതുതന്നെ ആരാധനാസമൂഹമാണ്. നമ്മുടെ വിശ്വാസികളുടെ ജീവിതം പള്ളിയോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മിശിഹാനുകരണം പോലുള്ള പാശ്ചാത്യ ഭക്താഭ്യാസങ്ങളൊന്നും നമുക്ക് പരിചിതമേ അല്ല. മിശിഹായെ അനുകരിക്കാനല്ല മറിച്ച്, മാമ്മോദീസായില്‍ ലഭിക്കുന്ന മിശിഹായുടെ ജീവനില്‍ വളര്‍ന്ന്, മിശിഹായെ ധരിച്ച് മിശിഹാമയ രായിതീരാനാണ് പൗരസ്ത്യ സുറിയാനി പിതാക്കന്മാര്‍ നമ്മെ പഠിപ്പിക്കുക. ഇരട്ട (താമാ/ദിദീമൂസ്) എന്ന അപരനാമമുണ്ടായിരുന്ന മാര്‍ തോമാ ശ്ലീഹാ ഇപ്രകാരം മിശിഹാമയനായിതീര്‍ന്നവനായിരുന്നു. ശ്ലീഹായെ കണ്ടവര്‍ ഈശോയെ കണ്ടതായി കരുതിയതായി മാര്‍ തോമായുടെ നടപടിയില്‍ നാം വായിക്കുന്നുണ്ട്. അഗ്നിയിലേയ്ക്ക് എടുത്ത് വയ്ക്കപ്പെട്ട ലോഹം അഗ്നിയായി കാണപ്പെടുന്നതുപോലെ മിശിഹായുടെ ജീവന്‍ സ്വന്തമാക്കിയ നാം മിശിഹായെ പ്രതിഫലിപ്പിക്കുന്ന നിര്‍മ്മല ദര്‍പ്പണങ്ങളാകണം. മാമ്മോദീസായില്‍ ഈ അത്ഭുതം സംഭവിക്കുന്നുണ്ടെന്നാണ് മാര്‍ അപ്രേം സാക്ഷിക്കുന്നത്: അദ്ദേഹം പറയുന്നു: "നോക്കൂ മാമ്മോദീസാ തൊട്ടിയിലിറങ്ങുന്നവര്‍ ഏകജാതനെ ((?)ഈഹീദായെ/ഈശോ) ധരിച്ച് ഊഹീദായമാരായി (ഏകാഗ്ര ഹൃദയമുള്ളവര്‍) മാറുന്നു.
പരിശുദ്ധ കുര്‍ബാനയര്‍പ്പണവും ഏഴുനേരം ശുശ്രൂഷകളും കൗദാശിക ജീവിതവുമൊക്കെ സഭാതനയരുടെ ശക്തിസ്രേതസ്സുകളാണ്. സായാഹ്നത്തിലും പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലുമൊക്കെ കുടുംബാംഗങ്ങള്‍ ഒന്നിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും ഒന്നിച്ചു ഭക്ഷിക്കുകയും ചെയ്യുന്ന നല്ല പാരമ്പര്യമാണ് നമ്മുടെ കുടുംബങ്ങളില്‍ നിലനിന്നിരുന്നത്. അഞ്ചാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ രചിക്കപ്പെട്ട സുറിയാനി ആദ്ധ്യാത്മിക കൃതിയായ ശ്രേണികളുടെ ഗ്രന്ഥം (ആീീസ ീള ടലേുെ) സഭയെ ആര്‍ദ്രതയും കരുണയുമുള്ള അമ്മയായാണ് വിവരിക്കുക. ഈ അമ്മയുടെ ശിക്ഷണം സ്വീകരിക്കുന്ന ഒരു വ്യക്തിയുടെ ആദ്ധ്യാത്മിക വളര്‍ച്ചയെ സഭാജീവിതത്തിന്‍റെ മൂന്ന് തലങ്ങളായി അദ്ദേഹം വര്‍ണ്ണിക്കുന്നു. ദൃശ്യസഭയുടെ അതായത്, നമ്മുടെ ശരീരങ്ങളെ ദൈവാലയങ്ങളും നമ്മുടെ ഹൃദയങ്ങളെ മദ്ബഹകളുമാക്കുന്നു. നമ്മുടെ ഹൃദയമാകുന്ന മദ്ബഹഹയില്‍ അര്‍പ്പിക്കപ്പെടുന്ന കുര്‍ബാന മറ്റൊന്നുമല്ല മറിച്ച് നമ്മുടെ ജീവിത നൈര്‍മ്മല്യമാണ്. അങ്ങനെ സ്വന്തം ജീവിതം ദൈവത്തിന് സ്വീകാര്യമായ ബലിയായി സമര്‍പ്പിക്കുവാന്‍ ഒരു വ്യക്തിയ്ക്ക് കഴിയുമ്പോള്‍ അവന്‍റെ ഹൃദയത്തില്‍ അവന് സ്വര്‍ഗ്ഗീയ സഭയെ ദര്‍ശിക്കാനാകും ഈ ഭൗമിക ജീവിതയാത്രയില്‍ അമ്മയെപ്പോലെ നമ്മെ പരിപോഷിപ്പിച്ച് നയിക്കുന്ന പള്ളിയോട്, ഹൃദയസ്പര്‍ശനീയമായ രീതിയില്‍, മൃതസംസ്ക്കാര ശുശ്രൂഷയില്‍ മരണമടഞ്ഞ വ്യക്തിക്കുവേണ്ടി നാം നടത്തുന്ന യാത്രാവന്ദനം, പള്ളിയോട് നമുക്കുള്ള അഭേദ്യമായ ബന്ധമാണ് പ്രഘോഷിക്കുക.
"മാമ്മോദീസാ വഴി എന്നെ വിശുദ്ധീകരിക്കുകയും പരിശുദ്ധ കുര്‍ബാനയാല്‍ എന്‍റെ ആത്മാവിനെ പോഷിപ്പിക്കുകയും മറ്റ് കൂദാശകളാല്‍ എന്‍റെ ആത്മാവില്‍ കൃപാവരം ചിന്തുകയും ചെയ്ത ദൈവാലയമേ, നിനക്ക് ഞാന്‍ വന്ദനം പറയുന്നു.
5. തോമാ മാര്‍ഗ്ഗവും മാര്‍ വാലാഹ് ആദ്ധ്യാത്മികതയും
മാര്‍ തോമാശ്ലീഹായോടുള്ള അനിതരസാധാരണമായ ബന്ധം നസ്രാണികളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. തോമായുടെ സിംഹാസനം ഇന്ത്യയിലാണെന്നുള്ളത് നമുക്കെന്നും അഭിമാന കാരണമാണ്. മാര്‍തോമ്മാ ശ്ലീഹായുടെ കബറിടത്തിലെ മണ്ണ് രോഗികളുടെ മേല്‍ പൂശുന്ന പുരാതന പാരമ്പര്യം നമുക്കുണ്ടായിരുന്നു. നമ്മുടെ സഭയില്‍ തോമാ നാമധാരികള്‍ അസംഖ്യമാണ്. മിശിഹായോടൊപ്പം മരിക്കാന്‍ തയ്യാറായ തോമാശ്ലീഹ (യോഹ 11:16) അവനോടുള്ള വലിയ സ്നേഹത്തിന്‍റെ പാരമ്യത്തിലാണ് ഉത്ഥിതന്‍റെ വിലാവില്‍ സ്പര്‍ശിക്കാനാഗ്രഹിച്ചത്. ആ സ്നേഹസ്പര്‍ശത്താല്‍ തോമാ നേടിയ ഉത്ഥാനാനുഭവം നമ്മുടെ വിശ്വാസത്തിന്‍റെ ഉറവിടമായി പരിണമിച്ചുവെന്നാണ് മാര്‍ അപ്രേമിന്‍റെ പാരമ്പര്യത്തിലുള്‍പ്പെടുന്ന മാര്‍ തോമായെക്കുറിച്ചുള്ള ഗീതങ്ങളില്‍ വര്‍ണ്ണിക്കപ്പെടുന്നത്. തോമായേ നീ ഭാഗ്യവാന്‍. നിന്‍റെ വിശ്വാസം ഉത്ഥാനത്തിന്‍റെ ദര്‍പ്പണമായി. നീ സ്നേഹിച്ചു; നീ സ്പര്‍ശിച്ചു; നീ ഉറപ്പിക്കപ്പെട്ടു; നീ അത് ജനതകളോട് ഉദ്ഘോഷിച്ചു. ഉത്ഥിതനെ കണ്ട മാര്‍ തോമായുടെ ഗദ്ഗദം മാര്‍ വാലാഹ് എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ (യോഹ 20:28) നമ്മുടെയും വിശ്വാസ പ്രമാണമായി. മന്ത്രോച്ചാരണങ്ങളുടെ നാടായ ഭാരതമണ്ണില്‍ നസ്രാണിഗൃഹങ്ങളില്‍ നിന്ന് ഉയരേണ്ട മന്ത്രം തീര്‍ച്ചയായും മാര്‍ വാലാഹ് ആയിരിക്കണം.
മാര്‍ തോമായോടുള്ള ആദരവ് നമ്മുടെ അജപാലകരോട് നമുക്ക് എന്നും ഉണ്ടായിരുന്നു. നമ്മുടെ മെത്രാനെ നാം മാര്‍ എന്നാണല്ലോ അഭിസംബോധന ചെയ്യുക. ഈ സുറിയാനി പദത്തിന് വിശുദ്ധന്‍, കര്‍ത്താവ്, ഗുരു എന്നൊക്കെ അര്‍ത്ഥങ്ങളുണ്ട്. നമ്മുടെ പുരാതന പാരമ്പര്യത്തില്‍ മെത്രാന്‍മാര്‍ വിശുദ്ധരും താപസികരുമായ സന്ന്യാസിമാരായിരുന്നു. സുറിയാനി സഭയിലെ മഹര്‍ഷി എന്നറിയപ്പെടുന്ന അഫ്രഹാത്ത് പറയുന്നതുപോലെ തന്‍റെ ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് ജീവന്‍റെ ഭക്ഷണം നല്‍കുന്ന തങ്ങളുടെ അജപാലകര്‍ക്ക് ഹൃദയത്തില്‍ സ്ഥാനം നല്‍കുന്നവരാണ് നമ്മുടെ സഭാമക്കള്‍. സുറിയാനി കൃതിയായ ശ്രേണികളുടെ ഗ്രന്ഥത്തില്‍ (ആീീസ & ടലേുെ) നമ്മുടെ ജീവിതത്തില്‍ ഒരു പുരോഹിതനുള്ള സ്ഥാനത്തെ ഒറ്റവാക്യത്തില്‍ സംഗ്രഹിക്കുന്നുണ്ട്: ഒരു പുരോഹിതനില്‍ പതിക്കുന്ന മുദ്ര മരണം വരെ അവനില്‍ നിന്ന് എടുക്കപ്പെടുകയില്ല.
6. തോമാ മാര്‍ഗ്ഗവും താപസികാദ്ധ്യാത്മികതയും
നമ്മുടെ സഭയുടെ ആദ്യകാല ചരിത്രം പരിശോധിച്ചാല്‍ ഒറ്റപ്പെട്ട ചില സന്ന്യാസഭവനങ്ങളെക്കുറിച്ചും സന്ന്യാസിമാരെക്കുറിച്ചും ചില സൂചനകള്‍ കാണാമെങ്കിലും വ്യവസ്ഥാപിതമായ ദയറാകളോ സന്ന്യാസനിയമസംഹിതകളോ ഒന്നും നമ്മുടെ സഭയില്‍ രൂപപ്പെട്ടില്ല. കാരണം താപസജീവിതശൈലി ഒരു പ്രത്യേക ഗണത്തിനുവേണ്ടി നീക്കിവയ്ക്കപ്പെട്ടിരുന്നില്ല, മറിച്ച് വിശ്വാസസമൂഹം മുഴുവന്‍ താപസികരായിരുന്നു. കേരള നസ്രാണികള്‍ ഉപവാസത്തിന്‍റെ സ്നേഹിതന്മാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഡിഡാക്കെയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നതുപോലെ ബുധനും, വെള്ളിയും നമ്മുടെ സഭയില്‍ ഉപവാസ ദിനങ്ങളായിരുന്നു. വര്‍ഷത്തില്‍ ഏകദേശം 225 ദിവസങ്ങളോളം ഉപവാസമനുഷ്ഠിച്ചിരുന്ന നസ്രാണികള്‍ അവയ്ക്കൊപ്പം ജാഗരണവും പരിത്യാഗ പ്രവൃത്തികളും മനനവ്രതവുമൊക്കെ അനുഷ്ഠിക്കുന്നതില്‍ ശുഷ്കാന്തിയുള്ളവരായിരുന്നു. സുറിയാനി പിതാക്കന്മാരായ അഫ്രഹാത്തും. അപ്രേമും, യോഹന്നാന്‍ ഈഹിദായും, നിനിവേയിലെ ഇസഹാക്കുമൊക്കെ ഉപാവസത്തിന്‍റെ വിസ്മയ ഫലങ്ങളെക്കുറിച്ച് തങ്ങളുടെ കൃതികളിലൂടെ പ്രബോധിപ്പിച്ചവരായിരുന്നു. മാര്‍ അപ്രേമിന്‍റെ പ്രബോധനമനുസരിച്ച് വിവേകപൂര്‍വ്വം ഉപവാസത്തെ സ്നേഹിക്കുന്നവന് അത് നല്ലതാണ്. കാരണം ഉപവാസത്തിലൂടെ ആത്മാവിന്‍റെ സൗന്ദര്യം വര്‍ദ്ധിക്കുന്നു. ശരീരത്തില്‍ നന്മകള്‍ പെരുകുന്നു. ജീവന്‍റെ മണവറയിലേക്ക് എല്ലാവരെയും അത് ക്ഷണിക്കുന്നു.
താപസിക ചൈതന്യത്തോടൊപ്പം പ്രേഷിത തീഷ്ണതയിലും സീറോ-മലബാര്‍ സഭ മുന്‍പന്തിയിലാണ്. മാര്‍ തോമായുടെ രക്തം വീണു കുതിര്‍ന്ന മണ്ണില്‍ പന്തലിച്ച നമ്മുടെ മാതൃസഭയാകുന്ന വൃക്ഷം വിശുദ്ധിയുടെയും രക്തസാക്ഷിത്വത്തിന്‍റെയും സദ്ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങിയിരിക്കുന്നു. പൗരോഹിത്യ സന്ന്യാസ ദൈവവിളികളാല്‍ സമ്പന്നമായ നമ്മുടെ സഭയുടെ മക്കള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും പ്രേഷിതരായി അയയ്ക്കപ്പെടുന്നുണ്ട്. സഭയ്ക്കകത്തും പുറത്തും സമര്‍പ്പിതര്‍ നിര്‍വ്വഹിക്കുന്ന ശ്ലാഘനീയമായ ശുശ്രൂഷ ആദ്യകാല സുറിയാനി സഭയിലെ ഉടമ്പടിയുടെ മക്കളുടെ ചൈതന്യത്തോട് ഏറെ ചേര്‍ന്നുപോകുന്നു. മാമ്മോദീസാ സ്വീകരിക്കുന്ന വേളയില്‍ ബ്രഹ്മചര്യവ്രതം സ്വീകരിച്ച് സഭയുടെ ശുശ്രൂഷകരായി കഴിഞ്ഞിരുന്ന ദയറാകള്‍ രൂപം കൊള്ളുന്നതിന് മുന്‍പുണ്ടായിരുന്ന താപസിക ഗണമായിരുന്നു ഉടമ്പടിയുടെ മക്കള്‍. ഈജിപ്തിലെ താപസികള്‍ മരുഭൂമിയിലും വനാന്തരങ്ങളിലും ദൈവാനുഭവം തേടി അലഞ്ഞപ്പോള്‍ ഈ ഉടമ്പടിയുടെ മക്കള്‍ സഭയില്‍ വസിക്കുന്ന കര്‍ത്താവിന്‍റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് ലോകത്തില്‍ നിന്ന് ഓടിയകലാതെ തങ്ങളുടെ പ്രാദേശിക സഭകളില്‍ വിശ്വാസ സമൂഹത്തിന്‍റെ ഹൃദയമായി, സഭയുടെ ശുശ്രൂഷകളില്‍ നേതൃത്വം വഹിച്ച്, ആരാധനാവേളയില്‍ ഗായകരായി, വിശ്വാസ പരിശീലകരായി ഉപവിയുടെ കാവല്‍ക്കാരായി ഒപ്പം പ്രാര്‍ത്ഥനയുടെ മനുഷ്യരായ വിശുദ്ധ താപസരായി സഭയില്‍ പുളിമാവ് പോലെ വര്‍ത്തിച്ചിരുന്നു. ജനമദ്ധ്യത്തിലും നഗരങ്ങളിലും മരുഭൂമികള്‍ സൃഷ്ടിച്ചിരുന്ന ഈ താപസിഗണത്തില്‍പ്പെട്ടവരായിരുന്നു സുറിയാനി പിതാക്കന്മാരായ അഫ്രഹാത്തും അപ്രേമും. ഈ ഉടമ്പടിയുടെ മക്കളുടെ ചൈതന്യം നമ്മുടെ സമര്‍പ്പിതരിലൂടെ തുടരുന്നതാകണം സീറോ-മലബാര്‍ സഭയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് കാരണം.
7. ഉപസംഹാരം
തോമാ മാര്‍ഗ്ഗം ഹൃദയങ്ങളില്‍ വഹിക്കുന്ന നമ്മുടെ സഭാമക്കള്‍ക്ക് പ്രാര്‍ത്ഥനയുടെ നിയമം വിശ്വാസത്തിന്‍റെ നിയമവും വിശ്വാസത്തിന്‍റെ നിയമം ജീവിതത്തിന്‍റെ നിയമവുമാണ്. അതുകൊണ്ടുതന്നെ അവരുടെ മാണിക്യകല്ലായ ഈ മാര്‍ഗ്ഗം ആരാധനാ ജീവിതത്തെ മാത്രമല്ല മറിച്ച് ധാര്‍മ്മിക ജീവിതത്തെയും സമൂഹ ജീവിതത്തെയുമെല്ലാം നിയന്ത്രിക്കുന്നു. പൗരസ്ത്യ സുറിയാനി ആരാധനാ കുടുംബത്തില്‍പ്പെട്ട മറ്റ് സഭകള്‍ മദ്ധ്യപൗരസ്ത്യ ദേശങ്ങളില്‍ ഇന്ന് വെല്ലുവിളികള്‍ നേരിടുകയാണ്. വിശ്വാസികളുടെ കൂട്ടത്തോടെയുള്ള പലായനങ്ങളും ക്രൂരമായ പീഢനങ്ങളുമെല്ലാം നിത്യസംഭവങ്ങളായി മാറുമ്പോള്‍ അതേ പൈതൃകം കൈമുതലായുള്ള സീറോ-മലബാര്‍ സഭയുടെ ഉത്തരവാദിത്വം ഏറുകയാണ്. ശ്ലൈഹിക കാലത്തോളം പുരാതനമായ സുറിയാനി സഭാ പാരമ്പര്യങ്ങള്‍ ജീവിക്കുവാനും, സംരക്ഷിക്കുവാനും കലര്‍പ്പില്ലാതെ വരും തലമുറയ്ക്ക് കൈമാറുവാനുള്ള ഗൗരവമായ ഉത്തരവാദിത്വം ഇന്ന് നമുക്കാണുള്ളത്. അതുകൊണ്ട് നമ്മുടെ പൂര്‍വ്വികര്‍ അപൂര്‍വ്വ മാണിക്യം പോലെ കാത്തുസംരക്ഷിച്ച് നമുക്ക് കൈമാറിയ തോമാമാര്‍ഗ്ഗം അതീവ ജാഗ്രതയോടെ ജീവിച്ചാഘോഷിച്ച്, അമൂല്യമായി കാത്ത് നമ്മുടെ രക്തത്തിലലിയിച്ച് ശ്വാസത്തില്‍ കലര്‍ത്തി വരുംതലമുറയ്ക്ക് നിധിപോലെ കൈമാറാന്‍ നമുക്ക് ഇടയാകട്ടെ.
Comentarios